District News
കോട്ടയം: നാട്ടുകാരുടെ സമയോചിത ഇടപെടലിൽ അന്യസംസ്ഥാനക്കാരൻ അടക്കം രണ്ടുപേരെ മൂന്നു കിലോയിലധികം കഞ്ചാവുമായി പിടികൂടി.
കുറിച്ചി പഞ്ചായത്ത് മലകുന്നം ഭാഗത്തുള്ള ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപം ഏതോ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞ നിലയിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിൽ ഒഡീഷയിൽനിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലെ പ്രധാനി ഒഡീഷ നോയഗഡ സ്വദേശി ദശരഥ് ബഹ്റ (46), നാട്ടിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ ചങ്ങനാശേരി നാലുകോടി ഭാഗത്ത് ചപ്പാട്ട് പറമ്പിൽ സി.എം. പ്രണവ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ പക്കൽനിന്നും മൂന്നു കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു. കുറിച്ചി പഞ്ചായത്ത് പതിനാലാം വാർഡ് മെംബർ ആര്യയുടെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിനൊപ്പം ഒത്തുകൂടി നടത്തിയ തെരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപം ഒളിച്ചിരിക്കുന്ന നിലയിൽ ദശരഥ് ബഹ്റയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനും കണ്ണൂർ എസിപി എം.പി. ആസാദും നേതൃത്വം നൽകുന്ന സംഘത്തിൽ ആറ് ഉദ്യോഗസ്ഥർ കൂടിയുണ്ട്.
റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കഴിഞ്ഞ ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സംഭവത്തിൽ മന്ത്രിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ പരാതിയിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ആദ്യം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് വധശ്രമ വകുപ്പ് ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പുതിയ അന്വേഷണ സംഘം മന്ത്രിയുടെയും ഗൺമാന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും മൊഴികളും അന്വേഷണ സംഘം പരിശോധിക്കും.
District News
കൊല്ലം: ഇരവിപുരം റെയില്വേ സ്റ്റേഷനില് 2.35 കോടി ചെലവില് നടക്കുന്ന വികസന പ്രവൃത്തികള് അടുത്ത ജനുവരിയില് പൂര്ത്തീകരിക്കുമെന്ന് എന്.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ഇരവിപുരം റെയില്വേ സ്റ്റേഷന് സന്ദര്ശിച്ച് ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായി ചര്ച്ച നടത്തിയ ശേഷമാണ് എംപി ഇക്കാര്യമറിയിച്ചത്.
നിര്മാണ പ്രവൃത്തികള് നടക്കുന്നത് മൂലം പ്രദേശത്തുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം 84 സെന്റിമീറ്ററായി വര്ധിപ്പിക്കും.
രണ്ട് പ്ലാറ്റ്ഫോമുകളും ഇരുവശത്തേക്കും ദീര്ഘിപ്പിക്കും. വികസനം പൂര്ത്തിയാകുന്നതോടെ നീളം കൂടിയ ട്രെയിനില്നിന്ന് പോലും മറ്റു റെയില്വേ സ്റ്റേഷനിലേത്ത് പോലെ യാത്രക്കാര്ക്ക് സുഗമമായി പ്ലാറ്റ്ഫോമില് ഇറങ്ങാനും കയറാനും കഴിയും.
രണ്ട് പ്ലാറ്റ്ഫോമുകളിലും 10 വീതം സിമന്റ് ബെഞ്ചുകള് സ്ഥാപിക്കും. പ്ലാറ്റ്ഫോമുകള് ടൈലുകളിട്ട് സൗന്ദര്യവത്കരിക്കും. സ്റ്റേഷന്റെ ഇരുവശവും വേലികെട്ടി സുരക്ഷിതമാക്കും.
വിഷ്ണു മോഹന്, യു.ഡി.എഫ് ചെയര്മാന് അഡ്വ. കെ. ബേബിസണ്, കണ്വീനര് ഡി. ബാബു, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ. നാസര്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കമറുദീന്, റിയാസ് റാവുത്തര്, ഭരണിക്കാവ് കൗണ്സിലര് മഷ്കൂര്, അഹമ്മദ് ഉഖൈല്, അഹമ്മദ് തുഹൈല്, ഷെരീഫ്, മധുസൂദനന്, രവീന്ദ്രന്പിളള, പൊന്നമ്മ മഹേശന്, സനോബര്, രാജ്കുമാര് എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.
District News
കോഴിക്കോട്: ഫറോക്ക് നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് റെയിൽവേ സ്റ്റേഷൻ.അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി 10.68 കോടി ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായായിരുന്നു നവീകരണം.
പ്രധാന നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. ചെറിയ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. സ്റ്റേഷന്റെ പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ച് വിശാലമായരീതിയിൽ പുതുക്കിപ്പണിതുകഴിഞ്ഞു.
ഇരു പ്ലാറ്റ്ഫോമുകൾക്കും മുഴുവൻ മേൽക്കൂരയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുഭാഗത്തും ലിഫ്റ്റ് സൗകര്യം, ഒന്നാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങൾ, ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങള്, വിശാലമായ പാര്ക്കിംഗ് ഏരിയ, മേൽക്കൂരയോടെ വാഹന പാര്ക്കിംഗ് സൗകര്യം, വിഐപി ലോഞ്ച്, റിട്ടയറിംഗ് റൂം, ഡിസ്പ്ലേ സംവിധാനങ്ങൾ, വാട്ടർ ബൂത്തുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ തുടങ്ങിയവയെല്ലാം നവീകരണ ഭാഗമായി ഒരുക്കിയിട്ടുണ്ട്.കൂടാതെ, സ്റ്റേഷൻ പ്രവേശന കവാടം ഡ്രെയ്നേജ് ഉൾപ്പെടുത്തി വീതികൂട്ടുകയും വാഹനങ്ങൾക്ക് പ്രവേശിക്കാൻ വീതിയേറിയ റോഡും നിർമിച്ചു.
പരിസരം ചെടികൾ പിടിപ്പിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന ഭാഗത്ത് ഫറോക്കിന്റെ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളം, മലബാറിലെ പ്രധാന വ്യവസായ മേഖലയായ ചെറുവണ്ണൂർ നല്ലളം, ബേപ്പൂർ തുറമുഖം, കിൻഫ്ര വ്യവസായ പാർക്ക്, സൈബർ പാർക്ക് കാലിക്കട്ട് സർവകലാശാല, എന്നിവിടങ്ങളിലേക്കെല്ലാം പോകാൻ നിരവധി പേരാണ് ഫറോക്ക് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.
District News
തമ്പാനൂർ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടുവയസുകാരിയുടെ കൈയിൽ അണിഞ്ഞിരുന്ന വള കവർന്നു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിൽ കായംകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ദ്രജിത്തിന്റെ മകളുടെ കൈയിൽ കിടന്ന രണ്ടു ഗ്രാം വളയാണ് കവർന്നത്.
ട്രെയിനിൽ കയറുന്നതിനായി പ്ലാറ്റ്ഫോമിലൂടെ എസ്കലേറ്ററിനു സമീപം എത്തി ഇതിൽ കയറുന്നതിനിടയാണു തൊട്ടു പിറകിൽ നിൽക്കുകയായിരുന്നു മോഷ്ടാവ് വളയുമായി രക്ഷപ്പെട്ടത്. മോഷ്ടിച്ചുകൊണ്ട് ഓടുന്നതിനിടെ എസ്കലേറ്ററിൽനിന്നു മോഷ്ടാവ് താഴേയ്ക്കു വീണെങ്കിലും ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു. ചുവന്ന ബനിയനും മുണ്ടും ധരിച്ച ആളാണ് മോഷ്ടാവ് എന്ന റെയിൽവേ പോലീസ് പറഞ്ഞു. മോഷണം നടത്തിയശേഷം പ്ലാറ്റ് ഫോമിലൂടെ ഓടിപ്പോകുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചിട്ടുണ്ട്. ഏകദേശം 40 വയസ് പ്രായം വരുന്ന ആളാണ് മോഷ്ടാവ്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നു കരുതുന്നു. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കൊല്ലം: കൊല്ലം റെയില്വേ സ്റ്റേഷനില് ഏകദേശം 361 കോടി രൂപ ചെലവഴിച്ചുള്ള വന് വികസന നിര്മാണ പ്രവൃത്തികളാണ് നടന്നുവരുന്നതായി കൊല്ലം റെയില്വേ അധികൃതര് അറിയിച്ചു. എയര്പോര്ട്ട് മാതൃകയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള് ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പുനര്വികസന പദ്ധതിയില് സൗത്ത്, നോര്ത്ത് എന്നീ രണ്ട് പ്രധാന ടെര്മിനലുകളാണ് നിര്മിക്കുന്നത്. യാത്രക്കാര്ക്ക് എയര്പോര്ട്ട് മാതൃകയിലുള്ള സുഗമമായ യാത്രാനുഭവം നല്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്പ്പന.
സൗത്ത് ടെര്മിനല് (പ്രധാന കെട്ടിടം)
ഏകദേശം 22,655 ചതുരശ്ര മീറ്റര് വിസ്തീര്ണത്തില് മൂന്ന് നിലകളിലായി നിര്മിക്കുന്ന ഈ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രധാന പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്. വിസ്തൃതമായ പാസഞ്ചര് സര്ക്കുലേഷന് സ്പേസ്, സെക്യൂരിറ്റി പരിശോധനയ്ക്കും ബാഗേജ് സ്കാനിംഗിനുമുള്ള പ്രത്യേക സംവിധാനങ്ങള് ഈ കെട്ടിടത്തിലുണ്ടാവും.
കൂടാതെ ടിക്കറ്റ് കൗണ്ടറുകള്, റിസര്വേഷന് ഓഫീസ്, ഹെല്പ്പ് ലൈന് ബൂത്തുകള്, വിശാലമായ വെയ്റ്റിംഗ് ഹാളുകള്, വിഐപി ലോഞ്ചുകള്, റെസ്റ്റോറന്റുകള്, ആര്പിഎഫ്/സുരക്ഷാ ഓഫീസുകള് എന്നിവയ്കേകു പുറമെ എട്ട് ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും സൗത്ത് ടെര്മിനലില് മാത്രം സജ്ജമാക്കുന്നുണ്ട്.
നോര്ത്ത് ടെര്മിനല്
ഏകദേശം 918 ചതുരശ്ര മീറ്റര് വിസ്തീര്ണത്തില് നിര്മിക്കുന്ന ഈ കെട്ടിടം ദേശീയപാത 744ന് സമീപം സ്ഥിതി ചെയ്യുന്നതിനാല് ആ ഭാഗത്തുനിന്നെത്തുന്ന യാത്രക്കാര്ക്ക് എളുപ്പത്തില് സ്റ്റേഷനിലേക്കു പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറുകള്, ബുക്കിംഗ് ഓഫീസുകള്, ചെറിയ റീട്ടെയില് ഷോപ്പുകള്/കിയോസ്കുകള്, വന്നിറങ്ങുന്നവര്ക്കും പോകുന്നവര്ക്കുമുള്ള പ്രത്യേക എക്സിറ്റ്/എന്ട്രി ലോബികള് എന്നിവയ്ക്കു പുറമെ രണ്ടു ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും ഇതില് ഉള്പ്പെടുന്നു.
എയര് കോണ്കോഴ്സ്
റെയില്വേ സ്റ്റേഷന്റെ പുനര്വികസന പദ്ധതിയില് ഏറ്റവും പ്രധാനപ്പെട്ട ആകര്ഷണമാണ് പ്ലാറ്റ്ഫോമുകള്ക്ക് മുകളിലായി ഉയരുന്ന കൂറ്റന് എയര് കോണ്കോഴ്സ്. വിമാനത്താവളങ്ങളിലെ ഡിപ്പാര്ച്ചര് ലോഞ്ചുകള്ക്ക് സമാനമായ അനുഭവമാണ് ഇത് യാത്രക്കാര്ക്ക് നല്കുന്നത്. എയര് കോണ്കോഴ്സ് പൂര്ത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയുകയും യാത്രക്കാര്ക്ക് സുരക്ഷിതവും ആധുനികവുമായ യാത്രാനുഭവം ലഭിക്കുകയും ചെയ്യും.
ഏകദേശം 36 മീറ്റര് വീതിയിലാണ് എയര് കോണ്കോഴ്സ് നിര്മിക്കുന്നത്. ഇത് രണ്ട് പ്രധാന ടെര്മിനലുകളെയും എല്ലാ പ്ലാറ്റ്ഫോമുകളെയും തമ്മില് ബന്ധിപ്പിക്കുന്നു.
ട്രെയിന് ഇറങ്ങുന്നവരും കയറാന് എത്തുന്നവരും തമ്മിലുള്ള തിരക്ക് ഒഴിവാക്കാന് ഇത് സഹായിക്കും.
കോണ്കോഴ്സ് വഴി യാത്രക്കാര്ക്ക് അതത് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ലിഫ്റ്റുകള്, എസ്കലേറ്ററുകള്, പടികള് എന്നിവ വഴി ഇറങ്ങാം. പ്ലാറ്റ്ഫോമുകളില് തിരക്കില് നില്ക്കാതെ, വിശാലവും എയര്കണ്ടീഷന് ചെയ്തതുമായ വെയ്റ്റിംഗ് ഏരിയകളില് യാത്രക്കാര്ക്ക് ട്രെയിന് വരുന്നതുവരെ സമയം ചെലവഴിക്കാം. ഫുഡ് കോര്ട്ടുകള്, റെസ്റ്റോറന്റുകള്, റീട്ടെയില് ഔട്ട്ലെറ്റുകള്, എടിഎമ്മുകള്, എക്സിക്യൂട്ടീവ് ലോഞ്ചുകള് എന്നിവ എയര് കോണ്കോഴ്സിന് ഉള്ളില് സജ്ജീകരിക്കും.
ട്രെയിനുകളുടെ സമയവിവരങ്ങള്, പ്ലാറ്റ്ഫോം മാറ്റങ്ങള് എന്നിവ തത്സമയം അറിയാന് കൂറ്റന് എല്ഇഡി ഡിസ്പ്ലേ ബോര്ഡുകളും അനൗണ്സ്മെന്റ് സിസ്റ്റങ്ങളും എയര് കോണ്കോഴ്സില് ഉണ്ടാകും.
മള്ട്ടി ലെവല് കാര് പാര്ക്കിംഗ്
പുനര്വികസന പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെയും സന്ദര്ശകരുടെയും വാഹനങ്ങള് സുരക്ഷിതമായി പാര്ക്ക് ചെയ്യുന്നതിനായി അത്യാധുനിക രീതിയിലുള്ള മള്ട്ടി ലെവല് കാര് പാര്ക്കിംഗ് സൗകര്യമാണ് നിര്മിക്കുന്നത്. ഈ സൗകര്യം പൂര്ത്തിയാകുന്നതോടെ കൊല്ലം സ്റ്റേഷന് പരിസരത്തെ ദീര്ഘകാലത്തെ പാര്ക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
സൗത്ത് ടെര്മിനലിന് സമീപത്തായാണ് ബഹുനില പാര്ക്കിംഗ് സമുച്ചയം ഉയരുന്നത്. നൂറുകണക്കിന് വാഹനങ്ങള് ഒരേസമയം നിര്ത്തിയിടാന് ശേഷിയുള്ളതാണ് ഈ ഘടന. 500ലധികം ഇരുചക്രവാഹനങ്ങളും 250ലധികം നാലുചക്രവാഹനങ്ങളും (കാറുകള്) ഒരേസമയം പാര്ക്ക് ചെയ്യാനുള്ള വിശാലമായ സ്ഥലസൗകര്യം ഇവിടെയുണ്ടാകും.
ഭാവിയിലെ ആവശ്യങ്ങള് മുന്നിര്ത്തി, ഇലക്ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളും ചാര്ജ് ചെയ്യുന്നതിനായി പ്രത്യേക ഇവി ചാര്ജിംഗ് സ്റ്റേഷനുകള് സജ്ജീകരിക്കും.
സ്റ്റേഷന് മുന്നിലെ റോഡുകളില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന് എന്ട്രി, എക്സിറ്റ് പാതകള് വേര്തിരിച്ച് കൃത്യമായ ട്രാഫിക് ക്രമീകരണത്തോടെയാണ് ഇതിന്റെ രൂപകല്പന. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സിസിടിവി നിരീക്ഷണ കാമറകള്, ഓട്ടോമേറ്റഡ് ടിക്കറ്റിംഗ്/ഫെയര് കളക്ഷന് സിസ്റ്റം, കൃത്യമായ ലൈറ്റിംഗ്, അത്യാധുനിക അഗ്നിശമന സംവിധാനങ്ങള് എന്നിവ പാര്ക്കിംഗ് കെട്ടിടത്തില് ഉറപ്പാക്കും.
പാര്ക്കിംഗ് ഏരിയയില്നിന്ന് യാത്രക്കാര്ക്ക് നേരിട്ട് ലിഫ്റ്റുകള് അല്ലെങ്കില് റാമ്പുകള് വഴി സൗത്ത് ടെര്മിനലിലേക്കും എയര് കോണ്കോഴ്സിലേക്കും എളുപ്പത്തില് എത്താന് സാധിക്കും.
District News
കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്വേ സ്റ്റേഷന്. പുതിയ കെട്ടിടങ്ങളുടെ നിര്മാണം നടക്കുന്നതാണ് യാത്രക്കാര്ക്ക് ദുരിതമായിരിക്കുന്നത്. റെയില്വേ സ്റ്റേഷനില് 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന് വികസന നിര്മാണ പ്രവര്ത്തനങ്ങളാണ് നിലവില് പുരോഗമിക്കുന്നത്. പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്ത്തിയായിട്ടുള്ളൂ. നിര്മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള് ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള് നിര്മാണം വൈകുകയാണ്. ഇതാണ് ദുരിതം ഇരട്ടിപ്പിക്കുന്നത്.
2025-26 കാലയളവില് പൂര്ത്തിയാക്കാന് ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില് പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. മുന് റിപ്പോര്ട്ടുകള് 2026 റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് സ്റ്റേഷന് തുറക്കുമെന്നായിരുന്നു പ്രതീക്ഷ. നിര്മാണം പൂര്ത്തിയാകാന് ഇനിയും സമയമെടുക്കുമെന്നതിനാല് യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില് ദിനംപ്രതി ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും എത്തുന്ന സ്റ്റേഷനായതിനാല് ചെറിയ തടസങ്ങള് പോലും യാത്രക്കാര്ക്ക് വലിയ ദുരിതമായി മാറുന്നു.
സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്ഫോം ഒന്നിന്റെ വലിയ ഭാഗത്ത് മേല്ക്കൂര ഇല്ലാത്തതിനാല് മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്.
പ്രത്യേകിച്ച് മുതിര്ന്ന യാത്രക്കാര്ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള് യാത്രക്കാര്ക്ക് നനയാതെ നിൽ ക്കാന് ഇടമില്ല. വന്ദേഭാരത് ഉള്പ്പെടെയുള്ള ട്രെയിനുകളില് തങ്ങളുടെ നിര്ദിഷ്ട കോച്ചുകളിലേക്കു നടന്നുപോകാന് മേല്ക്കൂരയില്ലാത്തതിനാല് യാത്രക്കാര് മഴയും വെയിലും കൊള്ളണം.
പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള് ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില് വെളിച്ചക്കുറവും ചില ഭാഗങ്ങളില് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില് നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള് വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില് യാത്രക്കാര് തമ്മില് തട്ടിയുംമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു. രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില് ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില് തട്ടി യാത്രക്കാര്ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ചെറിയ മഴ പെയ്താല് പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്ന്ന പൗരന്മാര്ക്കും കുട്ടികള്ക്കും യാത്ര ദുഷ്കരമാക്കുന്നു. നിലവിലെ നിര്മാണ പ്രവൃത്തികള് കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര് കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു. രണ്ടാംകവാടത്തിന്റെ ഭാഗത്തെ റോഡില് വാഹനങ്ങള് നിരനിരയായി പാര്ക്കു ചെയ്തിരിക്കുകയാണ്. അത് അനധികൃത പാര്ക്കിംഗാണ്.
ഇതിന് പുറമെ സ്വകാര്യ ബസുകള് കവാടം അടച്ച് നിര്ത്തി യാത്രക്കാരെ ഇറക്കുകയും ചെയ്യും. അതോടെ കാറിലടക്കം എത്തുന്നവര്ക്ക് സ്റ്റേഷനിലേക്കു കടക്കുക അസാധ്യമാകുന്നു. അനധികൃത പാര്ക്കിംഗ് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസിന് ഇതുസംബന്ധിച്ച പരാതികള് ലഭിച്ചിട്ടുണ്ടെങ്കിലും അവര് കേട്ടഭാവം നടിക്കാറില്ല.
നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെത്തുടര്ന്നു താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണു പ്രവര്ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ടുണ്ടാക്കിയ താത്കാലിക പന്തലുകളില് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന് യാത്രക്കാര്ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില് നില്ക്കേണ്ടി വരുന്നു.
കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്ഫര്മേഷന് സെന്ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും. യാത്രക്കാര്ക്ക് കാണാവുന്ന തരത്തില് സ്റ്റേഷനുമുന്നില് ബോര്ഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല. അനൗണ്സ്മെന്റും ഉണ്ടാകാറില്ല. സ്റ്റേഷനില് ഡ്യൂട്ടിക്കുള്ള പോലീസുകാരോ മറ്റ് യാത്രക്കാരോ മിക്കപ്പോഴും വഴികാട്ടികള്. കൗണ്ടര് കണ്ടെത്തി ക്യൂനിന്ന് ടിക്കറ്റുമായി വരുമ്പോഴേക്കും പോകേണ്ട ട്രെയിന് അടുത്ത സ്റ്റേഷനിലെത്തിയിരിക്കും. കോച്ചുകളുടെ സ്ഥാനം വ്യക്തമാക്കുന്ന ബോര്ഡുകളും നിര്മാണത്തിന്റെ ഭാഗമായി അഴിച്ചുവച്ചിരിക്കുകയാണ്. ഇതുമൂലം കോച്ചുകള് എവിടെയെല്ലാമാകുമെന്ന് ആര്ക്കും നിശ്ചയമില്ല. ഫലമോ പ്രായമായവരും അവശനിലയിലുള്ളവരും പ്ലാറ്റ് ഫോമിലൂടെ നെട്ടോട്ടമോടേണ്ട അവസ്ഥയും.
സ്റ്റേഷനില് ആവശ്യത്തിനു കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില് നിര്മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്ക്ക് ഉപയോഗപ്രദമായ രീതിയില് നിരത്തിയിടാന് കഴിയുന്നില്ല. ഇതിനാല് ദീര്ഘനേരം നില്ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്. പ്ലാറ്റ്ഫോമുകളില് കോണ്ക്രീറ്റ് സ്ലാബുകള് നിരതെറ്റിക്കിടക്കുന്നതും നിര്മാണ സാമഗ്രികള് ചിതറിക്കിടക്കുന്നതും ട്രെയിന് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന യാത്രക്കാര് വീഴാനുള്ള സാധ്യതയും വര്ധിപ്പിക്കുന്നു.
നിര്മാണ പ്രവര്ത്തനങ്ങളുടെ ഭാഗമായി പ്രധാന കെട്ടിടങ്ങള് പൊളിച്ചുമാറ്റിയതിനാല്, താത്കാലിക സംവിധാനങ്ങളോടെയാണ് ക്ലോക്ക് റൂമും പാഴ്സല് ഓഫീസും പ്രവര്ത്തിക്കുന്നത്. എന്നാല് പ്രവര്ത്തിക്കുന്നുണ്ടെന്നു പറയാമെന്നല്ലാതെ പ്രയോജനമില്ലെന്നു യാത്രക്കാര് കുറ്റപ്പെടുത്തുന്നു.
താത്കാലികമായി സജ്ജീകരിച്ചിട്ടുള്ള ശുചിമുറികൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതിനാല് കടുത്ത ദുര്ഗന്ധമാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര് ഉപയോഗിക്കുന്നതിന് അനുസരിച്ച് ഇവ വൃത്തിയായി പരിപാലിക്കുന്നില്ല.
കെട്ടിടങ്ങളുടെ പൊളിച്ചുപണിയല് കാരണം പഴയ സ്ഥിരമായ ടോയ്ലെറ്റുകളില് പലതും അടച്ചുപൂട്ടുകയോ പൊളിച്ചുമാറ്റുകയോ ചെയ്തിട്ടുണ്ട്. പകരം നിര്മിച്ച താത്കാലിക ടോയ്ലറ്റുകളില് ആവശ്യത്തിന് വെളിച്ചമോ കാറ്റോ ലഭിക്കാനുള്ള സൗകര്യങ്ങളില്ല. പലപ്പോഴും ടോയ്ലെറ്റുകളില് വെള്ളം ലഭിക്കാറില്ലെന്നും രാത്രികാലങ്ങളില് ആവശ്യത്തിന് വെളിച്ചമില്ലാത്തത് കാരണം രാത്രിയാത്ര ചെയ്യുന്നവര്ക്കും സ്ത്രീകള്ക്കും ഇത് ഉപയോഗിക്കാന് വലിയ ഭയമാണെന്നും യാത്രക്കാര് ചൂണ്ടിക്കാണിക്കുന്നു. നിര്മാണ സാമഗ്രികളും പൊടിപടലങ്ങളും നിറഞ്ഞ വഴിയിലൂടെ വേണം പലപ്പോഴും ഈ ബാത്ത്റൂമുകളിലേക്ക് എത്തിച്ചേരാന്. റെയില്വേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി നിലവില് ഉപയോഗപ്രദമായ ടോയ്ലെറ്റുകളുടെ എണ്ണം വളരെ കുറവാണ്. ഇത് ടോയ്ലെ റ്റുകള്ക്ക് മുന്നില് നീണ്ട ക്യൂ രൂപപ്പെടാന് കാരണമാകുന്നു.
District News
കോഴിക്കോട്: മലബാറിലെ ട്രെയിന് യാത്രാക്ലേശത്തിന് പരിഹാരം കാണാത്തതില് പ്രതിഷേധവുമായി യാത്രക്കാര്. ഉത്തരമലബാറിലേക്ക് മധ്യകേരളത്തില് നിന്നും പാലക്കാട്ടുനിന്നും മെമു സര്വീസ് അടക്കം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മലബാര് ട്രെയിന് പാസഞ്ചേഴ്സ് വെല്ഫെയര് അസോസിയേഷന് ഇന്ന് നില്പ്പ് സമരം നടത്തും. കോഴിക്കോട് നാലാം പ്ലാറ്റ്ഫോമില് നടക്കുന്ന സമരം കെ. ജയന്ത് എംഎല്എ ഉദ്ഘാടനം ചെയ്യും.
രാവിലെ 7.40 ന് സര്വീസ് നടത്തിയിരുന്ന കോഴിക്കോട്-തൃശൂര് പാസഞ്ചര് ഉടന് പുനഃസ്ഥാപിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. വൈകുന്നേരം സര്വീസ് നടത്തിയിരുന്ന തൃശൂര്-കോഴിക്കോട് പാസഞ്ചറും പുനഃസ്ഥാപിച്ചിട്ടില്ല. പാലക്കാട് കണ്ണൂര്-എക്സ്പ്രസ് (16611) വൈകുന്നേരം നാലിന് ഷൊര്ണൂരില്നിന്നും പുറപ്പെടുംവിധം സമയം ക്രമീകരിക്കണമെന്നും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
District News
കോട്ടയം: കോട്ടയം റെയില്വേ സ്റ്റേഷനില് പുതുതായി നാലു ലിഫ്റ്റുകള് അനുവദിച്ചതായി ഫ്രാന്സിസ് ജോര്ജ് എംപി. സ്റ്റേഷനില് പുതുതായി നിര്മിച്ച മേല്പ്പാലത്തില് ലിഫ്റ്റുകള്, എസ്കലേറ്ററുകള് എന്നിവ ഉണ്ടായിരുന്നില്ല. ഇത് പ്രായമായ യാത്രക്കാര്, ഭിന്നശേഷിക്കാര്, ഗര്ഭിണികള്, രോഗികള്, കുട്ടികള് എന്നിവര്ക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.
ഇത്തരക്കാര് സ്റ്റേഷന്റെ അകത്തുകയറി ടിക്കറ്റ് എടുത്തതിന് ശേഷം വീണ്ടും സ്റ്റേഷന്റെ മുന്ഭാഗത്ത് പുറത്തുവന്ന് മേല്പ്പാലത്തില് കയറി വേണം രണ്ടു മുതല് അഞ്ചു വരെയുള്ള പ്ലാറ്റ് ഫോമുകളിലേക്ക് പോകേണ്ടിയിരുന്നത്. നാലു ലിഫ്റ്റ് സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം ഭാഗത്തും എറണാകുളം ഭാഗത്തും രണ്ട് മേല്പ്പാലങ്ങളില്നിന്നും എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ലിഫ്റ്റില് ഇറങ്ങാനും കയറാനും സാധിക്കും.
കോട്ടയം റെയില്വേ സ്റ്റേഷനുമായും മറ്റ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കുന്ന കാര്യവും കേന്ദ്ര റെയില്വേ മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി നിരന്തരം സമ്മര്ദം ചെലുത്തുമെന്നും ഫ്രാന്സിസ് ജോര്ജ് എംപി പറഞ്ഞു.
District News
റെയിൽവേ മന്ത്രിക്കു നിവേദനം നൽകി
കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നൽകി.
2010ലും 2016ലും റെയിൽവേ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിവേദനം സമർപ്പിച്ചത്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടു വർഷങ്ങളായി ആവശ്യപ്പെടുന്ന വിവിധ പദ്ധതികൾ ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി.
കാലപ്പഴക്കവും കേടുപാടുകളും നേരിടുന്ന സ്റ്റേഷൻ കെട്ടിടം പുനർനിർമിക്കണം. സ്റ്റേഷനിലെ ഇരുഭാഗത്തുമുള്ള പ്ലാറ്റ്ഫോമുകളിൽ നിർമാണം ആരംഭിച്ചിട്ടുള്ള കാത്തിരിപ്പുഷെഡുകളും മിനി വെയിറ്റിംഗ് ഷെഡുകളും എത്രയും വേഗം പൂർത്തിയാക്കണം. അടച്ചുപൂട്ടിയ ലെവൽ ക്രോസിംഗിനു പകരം അണ്ടർബ്രിഡ്ജ് നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് കാലത്തിനുമുന്പ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്ന കോട്ടയം - നിലന്പൂർ, നിലന്പൂർ - കോട്ടയം, ഗുരുവായൂർ-മധുര ട്രെയിനുകൾക്കു വീണ്ടും സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ പകർപ്പ് റെയിൽവേ ബോർഡ് ചെയർമാൻ, സതേണ് റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും കൈമാറിയതായി കമ്മിറ്റി സെക്രട്ടറി വി.എം. വാസു അറിയിച്ചു.
District News
ആലപ്പുഴ: റെയിൽവേ സ്റ്റേഷന്റെയും സമീപപാതകളുടെയും നവീകരണത്തിൽ വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ).
കെർപയുടെ പ്രധാന
ആവശ്യങ്ങൾ
അപകടക്കെണിയാകുന്ന ഹമ്പുകൾ ഒഴിവാക്കണം. അര കിലോമീറ്ററിനുള്ളിൽ മുന്നറിയിപ്പ് ബോർഡുകളോ അടയാളങ്ങളോ ഇല്ലാതെ അര ഡസനിലേറെ ഹമ്പുകൾ മുൻപുണ്ടായിരുന്നു. ഇത്തരം ഹമ്പുകൾ വീണ്ടും റോഡിൽ നിർമിക്കരുത്.
യാത്രക്കാരെ ഇറക്കാനും കയറ്റാനും താത്കാലികമായി എത്തുന്ന വാഹനങ്ങൾക്ക് നിശ്ചിതസമയം സൗജന്യ പാർക്കിംഗ് അനുവദിക്കണം. സ്റ്റേഷൻ വളപ്പിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും നിർബന്ധിതമായി ഫീസ് ഈടാക്കരുത്.
ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് പാർക്കിംഗ് ഇടങ്ങൾ വേർതിരിക്കണം.
തൂണുകളും പുറത്തുള്ള കെട്ടുകളും വൃത്താകൃതിയിലാക്കണം. നിർമാണത്തിലുള്ള വലിയ തൂണുകളെല്ലാം ചതുരത്തിന് പകരം വൃത്താകൃതിയിലാക്കുകയാണ് ഉചിതം.
റോഡിലെയും നടപ്പാതയിലെയും തടസങ്ങളും ഫ്ലെക്സുകളും നീക്കണം.
ബീച്ച് ലെവൽ ക്രോസിലെ ഗാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കണം.
റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനും അപകടങ്ങൾ തടയാനും ഇടപെടൽ വേണമെന്ന് കെർപ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു.
District News
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില് നടപ്പിലാക്കേണ്ട വികസന പ്രവര്ത്തനങ്ങള് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചര്ച്ച ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ.
ഇരിങ്ങാലക്കുടയുടെ വികസനത്തിനായി സംസ്ഥാന സര്ക്കാരിന്റെ സഹായത്തോടൊപ്പം കേന്ദ്രസഹായം ലഭിക്കുന്നതിനാണു കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുമായി എംഎല്എ ചര്ച്ച നടത്തിയത്.
ഇരിങ്ങാലക്കുട റെയില്വേ സ്റ്റേഷനനെ അമൃത് പദ്ധതിയില് ഉള്പ്പെടുത്തണമെന്നും ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രം പ്രസാദം പദ്ധതിയില് ഉള്പ്പെടുത്തി നവീകരിക്കണമെന്നും എംഎല്എ സുരേഷ് ഗോപിയോട് അഭ്യര്ഥിച്ചു. വിഷയങ്ങള് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്കിയതായി എംഎല്എ പറഞ്ഞു.
കേന്ദ്ര റെയില്വേ അംഗീകാരം നല്കിയ തിരൂര്, ഗുരുവായൂര്, ഇരിങ്ങാലക്കുട പാതയ്ക്കും എയിംസിനും സ്ഥലം ഏറ്റെടുത്ത് നല്കേണ്ടത് സംസ്ഥാന സര്ക്കാരാണെന്നും സ്ഥലം ഏറ്റെടുത്ത് നല്കിയാല് ഈ രണ്ട് പദ്ധതികളും യാഥാര്ഥ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞതായും ഉണ്ണിയാടന് കൂട്ടിച്ചേര്ത്തു.
തിരൂര്, ഗുരുവായൂര്, ഇരിങ്ങാലക്കുട റെയില്വേ പാതയ്ക്ക് സംസ്ഥാന സര്ക്കാര് ഡിപിആര് തയാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള് സംസ്ഥാന സര്ക്കാരിന്റെ ശ്രദ്ധയില് കൊണ്ടുവന്ന് അനുമതി ലഭിക്കാന് വേണ്ടതുചെയ്യണമെന്നും എംഎല്എയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
National
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. സ്റ്റേഷന്റെ പുറംഭാഗത്തുള്ള മേൽക്കൂരയുടെ 50 അടിയോളം വരുന്ന ഭാഗമാണ് തകർന്നു വീണത്. ഞായറാഴ്ച്ച രാത്രി 10.45 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
രണ്ടു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയ ഏജൻസി നവീകരിച്ച സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വർഷം ഈ മേൽക്കൂരയിൽ ചോർച്ചയുണ്ടായിരുന്നു.
കനത്ത മഴയെത്തുടർന്ന് മുംബൈ, കൊങ്കൺ മേഖല, സെൻട്രൽ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
National
പാറ്റ്ന: മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനു വിവിധ നഗരങ്ങളിലേക്കു ട്രെയിൻ സർവീസ് ഇല്ലെന്നാരോപിച്ച് ബിഹാറിലെ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ കലാപം.
ട്രെയിൻ ഗതാഗതം തടയുകയും കല്ലേറ് നടത്തുകയും ചെയ്ത യുവാക്കളെ ആകാശത്തേക്കു വെടിവച്ചാണ് പോലീസ് തുരത്തിയത്. ഇതിനൊപ്പം ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനുശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പാറ്റ്നയ്ക്കു സമീപം പാടലിപുത്ര സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് സംഘർഷം തുടങ്ങിയത്. ബിഹാര് പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി വിവിധ നഗരങ്ങളിലേക്കു പോകാനെത്തിയതായിരുന്നു ഉദ്യോഗാർഥികൾ. ട്രെയിനുകൾ വൈകിയതോടെ പ്രതിഷേധം രൂപപ്പെട്ടു. ഉദ്യോഗാര്ഥികള് പ്രതിഷേധവുമായി റെയില്വേ പാളങ്ങളിലേക്ക് ഇറങ്ങി.
പുലർച്ചെ രണ്ടിന് പ്രത്യേക ട്രെയിൻ എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയാറായില്ല. ഇവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്പോഴാണ് കല്ലേറുണ്ടായത്. മൂന്നുമണിയോടെയാണ് മുഴുവൻ പ്രതിഷേധക്കാരെയും ട്രാക്കിൽനിന്ന് മാറ്റിയത്. ഇതിനിടെ എട്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചുവെന്നും പോലീസ് പറഞ്ഞു.
സംഘർഷം രൂക്ഷമായതിനിടെ ഇരുഭാഗത്തുനിന്നുമുള്ള ട്രെയിൻ ഗതാഗതം നിലച്ചു. നിരവധി ട്രെയിനുകൾ സമീപസ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു.
റെയില്വേ അധികൃതരും ഡാനാപുര് സബ് ഡിവിഷനല് മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉദ്യോഗാര്ഥികള്ക്കായി പ്രത്യേക ട്രെയിന് സര്വിസുകള് ഏര്പ്പെടുത്തുകയായി രുന്നു.
District News
വണ്ടിത്താവളം: ടൗണിൽ റോഡിനിരുവശത്തും വീതികൂട്ടി നവീകരണം അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടം റോഡിന്റെ തെക്കുഭാഗം അഴുക്കു ചാലുകൾ നവീകരിച്ച് അതിനുമുകളിൽ നടപ്പാതയും ബാരിക്കേഡും നിർമിച്ചിട്ടുണ്ട് . റോഡിനു തെക്കുഭാഗം നാലുമീറ്റർ വീതിയിലാണ് റോഡ് നവീകരണം നടത്തുന്നത്.
പച്ചക്കറിച്ചന്ത ഭാഗത്ത് വിപുമായ രീതിയിൽ ഇന്റർലോക്ക് വർക്കും തുടരുകയാണ്.
ഈ സ്ഥലത്തും നടപ്പാതയും കമ്പി ഉപയോഗിച്ച് ബാരിക്കേഡും പണിയുന്നുണ്ട്. ടൗൺറോഡിന്റെ ഇരുവശത്തുമായി ഒരുകിലോമീറ്റർ ദൈർഘ്യത്തിലാണ് ഒരുകോടിരൂപ ചെലവിൽ നവീകരണം പുരോഗമിക്കുന്നത്.
National
ദിസ്പൂർ: ആസാമിലെ ദിബ്രുഗഡിൽ പ്രഭാത നടത്തത്തിനിടെ 18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.
പതിവ് പ്രഭാത നടത്തത്തിനിടെ അജ്ഞാതരായ പ്രതികൾ പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. കുടുംബം ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
പിന്നീട് റെയിൽവേ സ്റ്റേഷനിലെ ഒരു യാത്രക്കാരൻ സംശയാസ്പദമായ നിലയിൽ പ്ലാറ്റ്ഫോമിൽ ഒരു ചാക്ക് കണ്ടതോടെ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തി.
പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Kerala
ഹരിപ്പാട്: നഗരത്തിൽ സജീവമാകുന്ന അന്തർസംസ്ഥാന ഭിക്ഷാടന മാഫിയയുടെ ക്രൂരമായ മർദനത്തിൽനിന്നു രക്ഷപ്പെടാൻ സഹായം അഭ്യർഥിച്ച് 14 വയസുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തി.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടനസംഘത്തിന്റെ കൈയിൽനിന്നു രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയത്.കരഞ്ഞുവിളിച്ചുകൊണ്ട് നാട്ടുകാരോട് സഹായം അഭ്യർഥിക്കുകയായിരുന്നു കുട്ടി.
മഹാരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സഹായത്തോടെ അനുജനായ ചിലമ്പരശനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടികളെ ഇവിടെയെത്തിച്ച അന്തോണിയും സംഘവും വിവരമറിഞ്ഞ് കുട്ടിയുമായി ഇവിടെനിന്നും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് കരുതുന്നു.
അമ്മ മരിച്ചതിനെത്തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മഹാരാജയും ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിൽ നിന്നാണ് പഠിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുമ്പ്, ഇവരുടെ ചിറ്റപ്പനായ അന്തോണി കുട്ടികളെ ഇവിടെയെത്തിച്ചു. ഇവിടെയെത്തിച്ച ശേഷം കുട്ടികളെ നിർബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കുകയായിരുന്നു പതിവ്. ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞുവിടും. ഉച്ചയ്ക്കു സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകിയ ശേഷം ഉച്ചയ്ക്ക് ശേഷവും ഭിക്ഷാടനത്തിന് നിയോഗിക്കും.
ഒരു ദിവസം 1500 രൂപയാണ് കുട്ടികൾക്ക് നൽകിയിരുന്ന ടാർജറ്റ്. വരുമാനം 1000 രൂപയിൽ താഴെയാണെങ്കിൽ കുട്ടികളെ ക്രൂരമായി മർദിക്കുമായിരുന്നു. തങ്ങളെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി.
മർദനം സഹിക്കാനാവാതെയാണ് മഹാരാജ ഓടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ വച്ച് കുട്ടിയെ കണ്ട നാട്ടുകാർ ഉടൻ തന്നെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷനെ വിവരമറിയിച്ചു. റോഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഹരിപ്പാട് പോലീസിന് വിവരം കൈമാറുകയും, പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ചൈൽഡ് ലൈൻ നിർദേശപ്രകാരം കുട്ടിയെ താത്കാലികമായി സെന്റ് തോമസ് പള്ളിക്ക് കീഴിലുള്ള ബാലഭവനിൽ പാർപ്പിച്ചിരിക്കുകയാണ്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ സംരക്ഷണ നടപടികളിലേക്കു കടക്കും.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് നഗരസഭാ അതിർത്തിയിൽ ബാലഭിക്ഷാടനം പൂർണമായി നിരോധിച്ചുകൊണ്ട് നഗരസഭാ അധികൃതർ ഉത്തരവിറക്കിയത്. ഈ നിരോധനങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വീണ്ടും നഗരത്തിൽ പരസ്യമായി ബാലഭിക്ഷാടനം തുടരുന്നത്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ പഠനത്തിൽനിന്നും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇങ്ങോട്ട് കടത്തുന്നതായാണ് വിവരം.
നാടോടികളായ പുതിയ സംഘങ്ങൾ മാറിമാറി നഗരത്തിൽ കുട്ടികളെ എത്തിക്കുന്നുണ്ടെന്നും പകൽസമയങ്ങളിൽ കുട്ടികളെ ഭിക്ഷാടനത്തിന് വിട്ട ശേഷം രാത്രികാലങ്ങളിൽ കടത്തിണ്ണകളിലാണ് ഇവർ തമ്പടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
District News
തൃശൂർ: റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ പുനർനിർമിക്കുന്നതിനു പൊളിക്കൽ തുടങ്ങി. ഒന്നാം പ്ലാറ്റ്ഫോമിലെ ഫുട്ട്ഓവർ ബ്രിഡ്ജ് വരെയുള്ള ഭാഗത്താണ് പൊളിക്കൽ. 2028 ജൂലൈ 21നുള്ളിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കാനാണു കരാറുകാരനായ ശ്രീ വെങ്കിടാചലപതി കണ്സ്ട്രക്ഷൻസിനുള്ള നിർദേശം. 344.89 കോടിയാണു കരാർതുക. ദക്ഷിണ റെയിൽവേയുടെ കീഴിൽ എറണാകുളത്തു പ്രവർത്തിക്കുന്ന നിർമാണവിഭാഗത്തിനാണു മേൽനോട്ടച്ചുമതല.
എലവേറ്റഡ് റോഡും പൂമുഖവും പ്ലാറ്റ്ഫോമുകളിലേക്ക് 24 മീറ്റർ വീതിയിൽ വിശാലമായ നടപ്പാലവും ആറു മീറ്റർ വീതിയിൽ മൂന്ന് ഫുട്ട്ഓവർ ബ്രിഡ്ജും ഉൾപ്പെടെയുള്ള നിർമാണമാണു തുടങ്ങിയത്. പോർട്ടിക്കോ, നടപ്പാലം, വിശ്രമമുറി, വിഐപി റൂം, മാനേജർ ഓഫീസ്, ടിക്കറ്റ് കൗണ്ടർ എന്നിവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
എസ്കലേറ്റർ, ലിഫ്റ്റ്, ഗോവണി സൗകര്യങ്ങളുമുണ്ടാകും. 40 വർഷം മുന്നിൽകണ്ടാണു നവീകരണമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. നടപ്പാലം നിർമാണം പൂർത്തിയാക്കിയശേഷമാകും പഴയ നടപ്പാലം പൊളിക്കുക. 2027 ഡിസംബർ 27നുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. ആറുമാസത്തിനുശേഷം രണ്ടാംഘട്ടനിർമാണം തുടങ്ങും. നാലാം പ്ലാറ്റ്ഫോം വീതികൂട്ടലും പുരോഗമിക്കുകയാണ്.
പഴയ ക്വാർട്ടേഴ്സുകൾക്കുപകരം രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലായി നൂറു കുടുംബങ്ങൾക്കു താമസമൊരുക്കും. 12 നിലകളുള്ള ഫ്ളാറ്റിൽ 72 കുടുംബങ്ങൾക്കും ആറു നിലകളുള്ള ഫ്ളാറ്റിൽ 24 കുടുംബങ്ങൾക്കും സൗകര്യമൊരുക്കും. ജീവനക്കാർക്കു വിശ്രമമുറികളും നിർമിക്കും.
2024 ഒക്ടോബർ 30നാണ് സ്റ്റേഷൻ നിർമാണത്തിനു റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ചത്. നവംബർ മൂന്നിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്റ്റേഷനിലെത്തി ഔദ്യോഗികപ്രഖ്യാപനവും നടത്തി. 2025 ജനുവരി 25ന് ആദ്യ ടെൻഡർ ക്ഷണിച്ചു. മണ്ണുപരിശോധനയ്ക്കുശേഷം ജനുവരിയിൽ നിർമാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും വൈകി.
സ്റ്റേഷൻ മാതൃകയിൽ സ്റ്റേഷൻ മുകളിലും ട്രാക്കുകൾ താഴെയുമായിട്ടാണു നിർമാണം. ട്രാക്കിലേക്കു കടക്കാൻ കഴിയാതെ സുരക്ഷിതമാക്കും. ഒന്നാം പ്ലാറ്റ്ഫോമിലെ അടച്ചിട്ട കാന്റീൻ ഭാഗമാണ് വിഐപി വിശ്രമമുറിയാകുക. ടിക്കറ്റ് കൗണ്ടർ മുന്നറിയിപ്പില്ലാതെ നീക്കിയത് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും സാധാരണനിലയിൽ എത്തി.
International
സ്വിറ്റ്സർലൻഡ്: സ്വിറ്റ്സർലൻഡിലെ വിന്റർതൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ആക്രമണ സമയത്ത് "അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. 28, 43, 52 വയസുള്ള മൂന്ന് പുരുഷന്മാർക്കാണ് കുത്തേറ്റത്. ഇതിൽ 52കാരനായ വ്യക്തിക്ക് തുടയ്ക്കേറ്റ പരിക്കിനെതുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങൾ നടത്തിയതിന് പ്രതി മുൻപ് നിയമനടപടികൾ നേരിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പ്രേരണ തീവ്രവാദപരമാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കിയതിനാൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റില്ല.
Kerala
കൊച്ചി: മന്ത്രി വി.ഇ അബ്ദുള് ഗഫൂറിന് ആലുവ റെയില്വേ സ്റ്റേഷനില് ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്ത്തകരാണ് റെയില്വേ സ്റ്റേഷനില് മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്സ്പ്രസിലാണ് അബ്ദുള് ഗഫൂര് തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.
മുസ്ലിം ലീഗ്, കോണ്ഗ്രസ് പ്രവര്ത്തകരും മുന്സിപാലിറ്റി ചെയര്മാന്മാരും അംഗങ്ങളുമടക്കം നിരവധി പേര് അബ്ദുള് ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഖബറിടത്തിലേക്ക് പോയി പ്രാര്ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.
കളമശേരിയില് പി. രാജീവിനെ മലര്ത്തിയടിച്ചാണ് അബ്ദുള് ഗഫൂര് മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്എ ആയപ്പോള് തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള് ഗഫൂര്. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില് നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.
അങ്കമാലി എംഎല്എ റോജി എം.ജോണ്, കേരള കോണ്ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്. രണ്ടര വര്ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില് മാണി സി കാപ്പന് മന്ത്രിയാകും.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു.
16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. വിമാനത്താവളത്തിനു സമീപത്തെ ആവണങ്കോട് റോഡരികിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്റർപ്രൈസസിനാണ് നിർമാണ കരാർ . ആദ്യഘട്ടം ഒന്പത് മാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനു പത്തുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗം മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉണ്ടാക്കുന്നത്. സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറി എന്നിവ ഉണ്ടാകും.
വിമാനത്താവള വികസനത്തിന്റെ ഭാഗമായി നേരത്തെ തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും യാഥാർഥ്യമായാൽ നെടുമ്പാശേരിയിൽ വ്യോമ-റെയിൽ -റോഡ് -ജലഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമെന്നത് അപൂർവമായ വികസനത്തിന് വഴിതെളിക്കും.
2010ൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. തുടർനടപടികൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് പഴയ ഫയലുകൾ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്റെ നേതൃത്വത്തിൽ വീണ്ടും ഇവിടെ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുന്പ് നിർമാണ ജോലികൾ സംബന്ധിച്ച പ്രാരംഭ നടപടികൾ വീണ്ടും സജീവമായത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നുപോകുന്ന ദീർഘദൂര-സമീപ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അന്നുതന്നെ വിമാനത്താവള അധികൃതർ ഉറപ്പു നൽകിയിരുന്നു.
അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാനത്താവളത്തിൽനിന്നു റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.16 വർഷങ്ങളായി ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. വന്ദേഭാരത്, രാജധാനി പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ ഏറെ ഗുണകരമാകും.
Kerala
കൊച്ചി: പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്.
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തെ തുടർന്നു 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഭർത്താവ്: ബൈജു. മക്കൾ: ദേവാനന്ദ്, ദേവനന്ദിത.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് വന് കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില് നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
നാലാം നമ്പര് പ്ലാറ്റ്ഫോമില് ഒരു വശത്ത് ഉപേക്ഷിച്ച നിലയില് ഏഴു ബാഗുകള് കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില് കണ്ടെത്തിയ ബാഗുകള് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് സീല് ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. കോർബ - കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണ ജോലികൾക്കായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്. സംശയം തോന്നിയ ജീവനക്കാർ ഉടൻതന്നെ റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വിവരം അറിയിക്കുകയായിരുന്നു.
ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായി റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര് പിടിയില്. പത്തു കിലോ കഞ്ചാവാണ് ഡാന്സാഫ് സംഘം നടത്തിയ പരിശോധനയില് പിടികൂടിയത്.
ബംഗാള് സ്വദേശികളായ ഡോള, പാര്ഥഘോഷ്, ബിഗാഷ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില് നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.
പിടിയിലായ മൂന്നു പ്രതികളും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലു ദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
District News
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കി ഇന്നു നാടിന് സമർപ്പിക്കും.
ചങ്ങനാശേരി അരമന, പെരുന്ന എൻഎസ്എസ് ആസ്ഥാനം, ചമ്പക്കുളം ബസിലിക്ക, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, വാഴപ്പള്ളി ശിവക്ഷേത്രം, പുതൂർ പള്ളി, ആനന്ദാശ്രമം, പാറേൽ പള്ളി എന്നിവയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടനാട്ടിലേക്കുള്ള കിഴക്കൻ കവാടമായ ഈ പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ സ്റ്റേഷൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തുടക്കം 1958ൽ
1958ൽ ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ചങ്ങനാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. 1956ൽ എറണാകുളം-കോട്ടയം മീറ്റർ ഗേജ് പാതയും തുടർന്ന് 1958ൽ കോട്ടയം മുതൽ ചങ്ങനാശേരി വഴി കൊല്ലം-തിരുവനന്തപുരം പാതയും ആരംഭിച്ചതോടെ ഈ മേഖലയിലെ ഗതാഗത വികസനത്തിന് വലിയ തുടക്കമായി. പിന്നീട് 1976ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ പാത ബ്രോഡ്ഗേജായി ഉയർത്തി.
ചങ്ങനാശേരി വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ സ്റ്റേഷന്റെ വടക്കുവശത്ത് ഉണ്ടായിരുന്ന കെട്ടിടം മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസന നടപടികളിലേക്ക് റെയിൽവേ മന്ത്രാലയം മുന്നോട്ട് വന്നു. 2009ൽ ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ ആധുനികവത്കരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമികവും അന്തിമവുമായ അംഗീകാരങ്ങൾ ലഭിച്ചു.
10 വർഷത്തിനിടെ 22 കോടിയുടെ വികസനം
തുടർന്ന് 2015 ജൂണിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഈ വികസന പദ്ധതിയുടെ ഭാഗമായി മൂന്നു പ്ലാറ്റ്ഫോമുകൾ, ഫുട് ഓവർ ബ്രിഡ്ജ്, അഞ്ച് റിസർവേഷൻ കൗണ്ടറുകൾ, വിശിഷ്ടാതിഥി മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി. 2017 മാർച്ച് 17ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പൂർത്തിയാക്കി.
2022ൽ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ചങ്ങനാശേരി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെട്ടത്. തുടക്കത്തിൽ മൂന്ന് കോടി രൂപയാണ് ചങ്ങനാശേരിക്ക് അനുവദിച്ചിരുന്നത്. ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിലും സോൺ, ഡിവിഷൻ തലങ്ങളിലും എംപി നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിയുടെ ആകെത്തുക അഞ്ച് കോടി രൂപയായി ഉയർത്തി.
അമൃത് ഭാരത് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ടിട്ടില്ലാതിരുന്ന ലിഫ്റ്റ്, രണ്ടാമത്തെ ഫുട് ഓവർബ്രിഡ്ജ് എന്നീ പ്രധാന സൗകര്യങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പ്രത്യേക ഫണ്ടിൽനിന്ന് അധികമായി അനുവദിപ്പിച്ചാണ് നടപ്പിലാക്കാൻ കഴിഞ്ഞത്.
ട്രെയിനുകൾക്കു സ്റ്റോപ്പ്
മലയോരവും തീരദേശവും ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന ഈ സ്റ്റേഷനിൽ എംപി എന്ന നിലയിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിഞ്ഞു. ദക്ഷിണ റെയിൽവേ ആദ്യം അസാധ്യമെന്നു പറഞ്ഞ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനുപോലും ചങ്ങനാശേരിയിൽ സ്റ്റോപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞു.
ഇന്ന് ശതാബ്ദി, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഗരീബ് രഥ്, മെമു, പാസഞ്ചർ അടക്കം എഴുപതിലധികം ട്രെയിനുകൾക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ട്. കേരള ഐലൻഡ് എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ശബരി സൂപ്പർഫാസ്റ്റ്, വഞ്ചിനാട്, വേണാട്, പാലരുവി, പരശുരാം, മലബാർ, അമൃത, മംഗലാപുരം, നിലമ്പൂർ റോഡ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾക്കും കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് എക്സ്പ്രസ്, യശ്വന്ത്പുർ ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.
ഉദ്ഘാടനം പ്രധാനമന്ത്രി
നവീകരണം പൂർത്തിയാക്കിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഓൺലൈനായി നാടിനു സമർപ്പിക്കും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, മുൻ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലയാൽ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവകാന്ത് ചന്ദ്രകാർ, റെയിൽവേ ഉദ്യോഗസ്ഥർ, തുടർച്ചയായി നിർദേശങ്ങൾ നൽകിയ യാത്രക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ എന്നിവരോട് എംപി നന്ദി രേഖപ്പെടുത്തി.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ സമീപത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ആലുവ എക്സൈസ്, ആർപിഎഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപത്ത് ആക്രി സാധനങ്ങള് സൂക്ഷിച്ചിരുന്ന ഷെഡില് തീപിടിത്തം. സൗത്ത് പാലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.
ഉടന് അഗ്നിരക്ഷസേന എത്തി തീയണച്ചതിനാല് വലിയ ദുരന്തം ഒഴിവായി. സൗത്ത് റെയിവേ സ്റ്റേഷനും റെയില്വേ ഓവര് ബ്രിഡ്ജിനും മെട്രോ റെയില് പാലത്തിനും നടുവിലുള്ള ഷെഡിനാണ് തീപിടിച്ചത്.
ട്രെയ്നിലും റെയില്വേ പാലത്തിലുമൊക്കെ ഉണ്ടാകുന്ന മാലിന്യമാണ് ഈ ഷെഡില് സൂക്ഷിച്ചിരുന്നത്. ആസ്പറ്റോസ് കൊണ്ടുണ്ടാക്കിയ ഷെഡില് പെട്ടെന്ന് തന്നെ തീ പടര്ന്നു പിടിക്കുകയായിരുന്നു. തീ പടര്ന്ന ഉടന് തന്നെ സമീപത്തുള്ള കടക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
ഒപ്പം തന്നെ അതുവഴി പോയ ഒരു കുടിവെള്ള ടാങ്കറില് നിന്നും വെള്ളമെടുത്ത് ആളുകള് തീയണയ്ക്കാനും ശ്രമിച്ചിരുന്നു. ഫയര് ഫോഴ്സ് എത്തി മുക്കാല് മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിയതില് സമീപത്ത് തീയണച്ച ശേഷം കനത്ത പുക ഉയര്ന്നു.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
National
വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്മിതബുദ്ധിയുടെയും സാധ്യതകള് പ്രയോജനപ്പെടുത്താൻ തയാറെടുത്ത് റെയിൽവേയും. പ്രാരംഭമായി സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ.
പരീക്ഷണാർത്ഥം ഈസ്റ്റ് കോസ്റ്റ് റെയില്വേയ്ക്കു കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്നിന്നു പ്രചോദനം ഉള്ക്കൊണ്ട് " എഎസ്സി അര്ജുന്' എന്നാണ് റോബോട്ടിനു പേര് നല്കിയിരിക്കുന്നത്. വിജയമെന്നു കണ്ടാൽ രാജ്യത്തെ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും റോബോട്ടിനെ രംഗത്തിറക്കും.
റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സി (ആർപിഎഫ്) ന്റെ ആധുനികവത്കരണത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായി ആന്ധ്രയിലെ റോബോകോപ്ലർ എന്ന കമ്പനിയാണ് റോബോട്ട് നിർമിച്ചത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് നിരവധി പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് ഇതു വികസിപ്പിച്ചെടുത്തത്. 20 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഭാവിയിൽ റോബോട്ടിന്റെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള് ലഭ്യമാക്കല്, സ്റ്റേഷന് മേല്നോട്ടം എന്നീ മേഖലയിലാണ് അര്ജുന് റോബോട്ട് പ്രവര്ത്തിക്കുക. യാത്രക്കാര്ക്ക് റെയില്വേയുമായി ബന്ധപ്പെട്ട സംശയങ്ങള്, ട്രെയിന് വിവരങ്ങള് മുതലായവയെല്ലാം റോബോട്ടിനോടു ചോദിച്ചറിയാം. ഇതിന്റെ എല്ലാ വശങ്ങളിലും നിരീക്ഷണ കാമറകളുണ്ട്. ഈ സവിശേഷതകൾക്കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നു.
റെയില്വേ സ്റ്റേഷനിലെ തിരക്ക് സംബന്ധിച്ച വിവരം അര്ജുന് സ്വയം അവലോകനം ചെയ്ത് ആര്പിഎഫിനു കൈമാറും. റെയില്വേ സ്റ്റേഷന് വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള് നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റക്കഗ്നിഷന് സംവിധാനം റോബോട്ടിനു നല്കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്ക്ക് വിവരം നല്കും. നമസ്തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല് സല്യൂട്ട് അടിക്കും. പുത്തന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണു റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്പിഎഫ് ഇന്സ്പെക്ടര് ജനറല് അലോക് ബോറ പറഞ്ഞു.
District News
കോഴിക്കോട്:കോഴിക്കോട് റെയില്വേ സ്റ്റേഷന് വികസനം കൂടുതല് വേഗത്തില് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം.റെയില്വേ സ്റ്റേഷന് പ്രവൃത്തികള് നീണ്ടുപോകുന്നത് യാത്രക്കാര്ക്കും റെയില്വേ സ്റ്റേഷന് റോഡ് വഴിയുമുള്ള മറ്റു ഗതാഗതത്തെയും വലിയ രീതിയില് ബാധിക്കുന്നുണ്ട്.
റെയില്വേ സ്റ്റേഷന് നവീകരണവുമായി ബന്ധപ്പെട്ട് ബസ് സ്റ്റോപ്പ് മാറ്റിയതും റോഡില് വലിയ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
മുന്പ് റോഡ് മുറിച്ചുകടന്ന് എളുപ്പം റെയില്വേ സ്റ്റേഷനിലേക്ക് പോകാന് സാധിക്കുമായിരുന്നുവെങ്കില് ഇപ്പോള് കൂറ്റന് ഷീറ്റ് കൊണ്ട് റെയില്വേ സ്റ്റേഷന് മുന് വശം പൂര്ണമായും മറച്ചാണ് പ്രവൃത്തികള് നടക്കുന്നത്. ഇതുമൂലം ഒറ്റവഴിമാത്രമാണ് ലിങ്ക് റോഡ് പരിസരത്തുനിന്നും സ്റ്റേഷനിലേക്ക് എത്താനുള്ളത്. ഇത് തിരക്ക് വര്ധിപ്പിക്കുന്നുണ്ട്.
റെയില്വേ സ്റ്റേഷന് വികസിക്കുന്നതിനൊപ്പം തന്നെ സമീപത്തെ റോഡുകളും അതിനനുസരിച്ച് വികസിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്.
റെയില്വേ സ്റ്റേഷന് വികസനം പൂര്ത്തിയാകുന്നതിനോടനുബന്ധിച്ച്, അനുബന്ധ റോഡുകള് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് വിശദമായ റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ടെന്നാണ് റെയില്വേ അധികൃതര് പറയുന്നത്.
എന്നാല് ഇതു സംബന്ധിച്ച് ചര്ച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്വേ പറയുന്നു. നിലവില് കോഴിക്കോട് റെയില്വേ സ്റ്റേഷന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന് കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ആക്ഷേപം.
പ്രവൃത്തി പൂര്ത്തിയായത് കാല്ഭാഗം മാത്രം
റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ 18 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നു കണക്കുകൾ. ആകാശ ഇടനാഴി, രണ്ട് ആകാശ നടപ്പാതകൾ, സബ് സ്റ്റേഷനുകൾ എന്നിവ ഡിസൈൻ ഘട്ടത്തിൽ തന്നെയാണിപ്പോഴും. കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളുടെ നിർമാണം 15.5 ശതമാനം മാത്രമാണു പൂർത്തിയായത്.
രണ്ട് കവാടങ്ങളിലും പൈലിംഗ് പൂർത്തിയായി. റെയിൽവേ ഓഫീസ് കെട്ടിടത്തിന്റെ 16 ശതമാനവും ടൈപ് നാല്, അഞ്ച് ക്വാർട്ടേഴ്സുകളുടെ 10 ശതമാനവും മാത്രമാണു പൂർത്തിയായത്. 9 നിലകളും 3 ബ്ലോക്കുകളുമുള്ള ടൈപ് 2 ക്വാർട്ടേഴ്സുകളുടെ നിർമാണം 28.5 ശതമാനവും ടൈപ് 3 ക്വാർട്ടേഴ്സുകളുടേത് 28 ശതമാനവും പൂർത്തിയായി. സ്റ്റേഷൻ കെട്ടിടം നിർമാണം പൂർത്തിയായി റോഡുകളും നടപ്പാതകളും നിർമിച്ചാൽ മാത്രമേ തുറന്നു കൊടുക്കാൻ പറ്റൂ.
പ്ലാറ്റ്ഫോം നവീകരണം, റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം, ലാൻഡ്സ്കേപ്പിങ് എന്നിവ അന്തിമഘട്ടത്തിലേ നിർമാണം തുടങ്ങൂ. റെയിൽവേ ഹെൽത്ത് യൂണിറ്റ് (79 ശതമാനം) മാത്രമാണ് 50 ശതമാനത്തിലധികം പൂർത്തിയായത്.
2024 ജൂൺ ഒന്നിനാണു കരാർ നൽകിയത്. 2027 ജൂൺ ഒന്നിനു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ. 18 മാസത്തിനകം പൂർത്തിയാകണമെങ്കിൽ ഈ വേഗം മതിയാകില്ലെന്ന് എൻജിനീയർമാർ തന്നെ പറയുന്നു.
Kerala
പാലക്കാട്: ഒലവക്കോട് റെയില്വേ സ്റ്റേഷനില് നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില് നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല് 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില് പഠിക്കാന് എത്തിയതാണെന്ന് കുട്ടികള് പറഞ്ഞു. ബിഹാറിലെ കിഷന്ഗഞ്ച് ജില്ലയില് നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള് ഒന്നുമില്ലാത്തതിനാല്, കുട്ടികളെ ചൈല്ഡ് വെല്ഫയര് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള് പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിലുണ്ടായ തീപിടിത്തത്തിൽ നടപടിയുമായി തൃശൂർ കോർപറേഷൻ. സ്റ്റേഷൻ മാസ്റ്റർക്ക് കോർപറേഷൻ നോട്ടീസ് അയച്ചു.
തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയായിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ പറയുന്നു.
തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പിടിച്ചത്.
Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
Kerala
പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളിൽ 2026 ജനുവരി ഒന്നു മുതൽ മാറ്റം വരുന്നു. 90 ശതമാനം വണ്ടികൾക്കും സമയമാറ്റമുണ്ട്. രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.
സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-തിരുവനതപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവ എല്ലാം സമയമാറ്റമുള്ള ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ചില ട്രെയിനുകൾക്ക് നൽകിയിട്ടുള്ള ബഫർ ടൈമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ചില ട്രെയിനുകൾ നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തിയിട്ടുണ്ട്.
ട്രെയിനുകൾക്ക് സമയമാറ്റം വരുമ്പോൾ " ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്' എന്ന പേരിൽ ടൈംടേബിൾ റെയിൽവേ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് അധികൃതർ വിലയും ഈടാക്കിയിരുന്നു.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ ടൈം ടേബിൾ പുസ്തകം കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ അച്ചടിക്കാറില്ല. എന്നാൽ ഇതവണ ജനുവരിയിൽ തന്നെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിലെ ഉന്നതർ നൽകുന്ന സൂചനകൾ. റെയിൽവേ ടൈം ടേബിളിന്റെ 46-ാം പതിപ്പാണ് പുറത്തിറക്കുന്നത്.
ഇതിൽ പ്രീമിയം സർവീസുകൾ ഉൾപ്പെടെ പ്രധാന പാസഞ്ചർ ട്രെയിനകളുടെ റൂട്ടുകൾ, സമയങ്ങൾ, റിസർവേഷൻ നടപടിക്രമങ്ങൾ, യാത്രാ നിയമങ്ങൾ-നിയന്ത്രണങ്ങൾ, കാറ്ററിംഗ് സേവനങ്ങളിൽ മെനു അടക്കമുള്ള വിശദാംശങ്ങൾ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങൾ, റെയിൽ അധിഷ്ഠിത ടൂറിസം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പുതിയ ടൈം ടേബിൾ പതിപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ്(40) ആണ് മരിച്ചത്.
ഇന്ന് ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ വച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര് ശുചിമുറിയിൽ മുഖം കഴുകാനെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: എറണാകുളത്ത് 56 കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് റെയിൽവേ സ്റ്റേക്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രണ്ട് മലയാളികളും താൽക്കാലിക റെയിൽവേ ജീവനക്കാരനായ ഉത്തേര്യക്കാരനും ആണ് അറസ്റ്റിലായത്. റെയിൽവേ പോലീസ് ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല് ആണ് കഞ്ചാവ് കടത്തിയതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളും അറസ്റ്റിലായി.
Kerala
തിരുവനന്തപുരം: നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്ട്ടര് അറസ്റ്റില്. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചുവേളി റെയില്വേ സ്റ്റേഷനിലെത്തിയ നടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ റെയില്വേ പോര്ട്ടറായ അരുണിനെ പേട്ട പോലീസ് അറസ്റ്റു ചെയ്തു.
ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാന് സഹായിക്കാമെന്ന് ഇയാള് പറഞ്ഞു. റെയില്വേ ലൈന് മുറിച്ചുകടക്കേണ്ടെന്നും നിര്ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു.
തുടര്ന്ന് ട്രെയിന് കയറി അപ്പുറത്തെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാന് തുടങ്ങുമ്പോള് ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. റെയില്വേ അധികൃതര്ക്ക് പരാതി നല്കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്ന്ന് നടി പോലീസില് പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്നിന്ന് സസ്പെന്ഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലം റെയില്വേ സ്റ്റേഷനില് നിര്മാണത്തിലിരുന്ന കെട്ടിടത്തില്നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.
ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കൊല്ലം: കൊല്ലം റെയില്വേ സ്റ്റേഷനില് നിര്മാണത്തിലിരുന്ന കെട്ടിടത്തില്നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് രണ്ട് പേര്ക്ക് പരിക്ക്. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്പ്പെട്ടത്.
നിര്മാണത്തിലിരുന്ന കെട്ടിടത്തില്നിന്ന് കമ്പി ഇളകിവീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.